ഐ.എൽ.ഡി.എമ്മിനെ റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കും: മന്ത്രി കെ. രാജൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനെജ്‌മെന്റിനെ (ഐ.എൽ.ഡി.എം.) റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. വകുപ്പിന്റെ പുതിയ വിഷൻ ആൻഡ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാകും ഇതു നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഐ.എൽ.ഡി.എം. സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ പഠനങ്ങൾ ആവശ്യമുള്ള വിഭാഗമാണു റവന്യൂ വകുപ്പ്. വകുപ്പിന്റെ താഴേത്തട്ടു മുതൽ ഉയർന്ന തലത്തിൽവരെയുള്ള ഉദ്യോഗസ്ഥർക്കു കാലഘട്ടത്തിന് അനുസരിച്ചുള്ള പരിശീലനവും പഠന സൗകര്യവും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ സിലബസ് അടക്കമുള്ള വിഷയങ്ങളിൽ ഗൗരവമായ ആലോചനകൾ നടത്തും. നിലവിലുള്ള ലൈബ്രറിയുടെ നിലവാരം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ റീസർവെ, സർവെ – റവന്യൂ – രജിസ്‌ട്രേഷൻ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ എന്നിവ സമയബന്ധിതമായി സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ചു കൃത്യമായ മോണിറ്ററിങ് ഉണ്ടാകും. എല്ലാ ആഴ്ചയും വകുപ്പിന്റെ ഉന്നതതല യോഗം ചേരും. എല്ലാ മാസവും ഡെപ്യൂട്ടി കളക്ടർമാർവരെയുള്ളവരുടെ യോഗം ചേരും. രണ്ടു മാസത്തിലൊരിക്കൽ വില്ലേജ് ഓഫിസർ മുതൽ തഹസിൽദാർ വരെയുള്ളവരുടെ യോഗവും ചേരും. സർവെ വകുപ്പിന്റെ കാര്യത്തിലും ഈ രീതിയിലുള്ള മോണിറ്ററിങ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *