ഐസ്ക്രീമിൽ എലിവിഷം കലർത്തി ; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ കൊലപാതകം

കോഴിക്കോട് കൊയിലാണ്ടിയിൽ 12 വയസ്സുള്ള കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് കണ്ടെത്തല്‍. സംഭവത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏപ്രിൽ 17നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി കൊല്ലപ്പെടുന്നത്. താഹിറ നൽകിയ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനു പ്രതിയെ കണ്ടെത്താൻ എളുപ്പത്തിൽ കഴിഞ്ഞത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്നെ പൊലീസിനു താഹിറയെ സംശയമുണ്ടായിരുന്നു. ഇവരാണ് കുട്ടി കഴിച്ച ഐസ്‌ക്രീം അരിക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയത്.

പിതാവിന്റെ സഹോദരി താഹിറ ഐസ്ക്രീമിൽ എലിവിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നു. ലൈബ്രറി സയൻസ് ബിരുദധാരിയായ താഹിറ പേസ്റ്റ് രൂപത്തിലുള്ള എലി വിഷത്തെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈലിൽ സെർച് ചെയ്തതു പൊലീസ് കണ്ടെത്തിയിരുന്നു.

മാരക രാസവസ്തുവാണ് കുട്ടിയുടെ വയറ്റിലെത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്.ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെനന്നായിരുന്നു സംശയം.എന്നാൽ അഹമ്മദ് ഹസൻ റിഫായിയുടെ ഉള്ളിൽ ഐസ്‌ക്രീമിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് ചെന്നത് എന്നതായിരുന്നു കണ്ടെത്തൽ .അതുമാത്രമല്ല അരിക്കുളത്തെ അതേ കടയിൽ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റാർക്കും പ്രശ്‌നങ്ങൾ ഉണ്ടായില്ല എന്നതും സംശയം വർധിപ്പിച്ചു. ഐസ്‌ക്രീം വാങ്ങിയ ശേഷം താൻ നേരെ സഹോദരൻ മുഹമ്മദലിയുടെ വീട്ടിലേക്ക് പോയി എന്നാണ് താഹിറ പൊലീസിന് മൊഴി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ അത് കള്ളമാണെന്നു വ്യക്തമായി. ഇതോടു കൂടിയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

ഐസ്‌ക്രീം വാങ്ങി സ്വന്തം തറവാട്ടു വീട്ടിലേക്ക് പോയ താഹിറ അരമണിക്കൂറോളം കഴിഞ്ഞാണ് അവിടെ നിന്ന് മുഹമ്മദലിയുടെ വീട്ടിലേക്ക് പോയത്. ഒടുവിൽ കുറ്റം സമ്മതിച്ച താഹിറ സഹോദരന്റെ ഭാര്യയോടുള്ള മുൻ വൈരാഗ്യമാണ് ഇത് ചെയ്യാൻ കാരണമെന്നു തുറന്നു പറഞ്ഞു. അതുപോലെ പ്രതി താഹിറയ്ക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. താഹിറ വാങ്ങി നൽകിയ ഐസ്‌ക്രീം രിഫായി മാത്രമാണ് കഴിച്ചത്. മാതാവും 2 സഹോദരങ്ങളും ഈ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *