ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ (ICSET-2021) അഞ്ചാം പതിപ്പിന് സമാപനം

തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021 സമാപിച്ചു. അവസാനദിനമായ ഇന്നലെ നടന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ്സ് ഐസക്ക് മുഖ്യാതിഥിയായി. മികവുറ്റ വിദ്യഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെയും, അറിവുകളെ നവീകരണത്തിലേക്ക് മാറ്റി അതിലൂടെ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ സാധ്യമാക്കുന്നതിനെ കുറിച്ചുമാണ് മന്ത്രി പ്രസംഗിച്ചത്. കേരളത്തെ സമ്പൂര്‍ണ്ണ നവീകരണ സമൂഹമാക്കി മാറ്റുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യവും അദ്ദേഹം പങ്ക് വെച്ചു.

‘എല്ലാവര്‍ക്കും ക്ഷേമവും, വിദ്യഭ്യാസവും ഉറപ്പുവരുത്തുന്ന വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളം കുതിക്കണം. അതിലൂടെ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ മാറുകയും മികവുറ്റ തൊഴില്‍ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. സുപ്രധാനമായ സ്ഥാപനങ്ങളിലൊന്നാണ് ഐസിറ്റി അക്കാദമി, മേല്‍ പറഞ്ഞ ലക്ഷ്യത്തിലേക്ക് കേരളത്തെ പിടിച്ചു കയറ്റാന്‍ നിര്‍ണായകമായ ഒരു പങ്കാണ് അക്കാദമി വഹിക്കുന്നത്’ എന്ന് സമാപന സമ്മേളനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐസിറ്റി അ്ക്കാദമി ബോര്‍ഡ് അംഗവും ടിസിഎസ് തലവനുമായ ദിനേശ് തമ്പി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

തൊഴില്‍ മേഖല നേരിടുന്ന വികേന്ദ്രീകരണവും, തൊഴില്‍ രംഗത്തെ ഭാവി എന്ന് പറയപ്പെടുന്ന വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യതകളെ കുറിച്ചും ഡോ. സജി ഗോപിനാഥ് സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തെ കണക്കിലെടുത്തു കൊണ്ട് ദ്വിദിന കോണ്‍ക്ലേവ് സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തരമാണ നടന്നത്. സമാപന ദിവസം ‘നവ സാധാരണത്തില്‍ മാറുന്ന ജീവി ശൈലികള്‍’, ‘നവ സാധാരണത്തിലെ തൊഴില്‍ സാധ്യതകള്‍’ ‘നവ സാധാരണത്തില്‍ ജീവിതത്തിലും ബിസിനസ്സ് രംഗത്തും സാങ്കേതികതയുടെ പങ്ക്’ തുടങ്ങിയ വിഷയങ്ങളില്‍, വ്യാവസായിക, ഐടി, എന്‍ജിനിയറിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചകളും യോഗങ്ങളും നടന്നു. കൂടാതെ യൂഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓ ഡോ. സോഹന്‍ റോയുടെ നേതൃത്വത്തില്‍ നവസാധാരണത്തിലെ സംരംഭകത്വ വഴികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.

നവ സാധാരണത്തെ ആസ്പദമാക്കി സജീകരിച്ച ദ്വിദിന കോണ്‍ക്ലേവില്‍ ലോകമെമ്പാടും നിന്നുള്ള 800ല്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *