കോഴിക്കോട്: തനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കണമെന്ന ആവശ്യവുമയി വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനായി ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വീഡിയോയിലൂടെ ബോബി ചെമ്മണ്ണൂർ കേസെടുക്കാൻ ആവശ്യപ്പെട്ടിരക്കുന്നത്.
രാജ്യത്തെ നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും അതിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ബോബി ചെമ്മണൂരിനെതിരെ നടപടിക്കൊരുങ്ങിയാണ് മോട്ടോര്‍ വാഹനവകുപ്പ്.സംഭവ സമയം വാഹനമോടിച്ച ആള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി ഉണ്ടാകുക. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഉടന്‍ വാഹന ഉടമക്ക് നോട്ടീസ് കൈമാറും.
