ഉത്ര വധക്കേസ്; ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

കൊല്ലം: ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.

ശിക്ഷാ വിധിയില്‍ തൃപ്തയില്ലെന്നും നീതികിട്ടിയില്ലെന്നും സൂരജിന് വധശിക്ഷ നല്‍കണമെന്നുമാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. അതേസമയം ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.

ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. സൂരജ് അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. തെളിവ് നശിപ്പിച്ചതിനാണ് ഏഴുവര്‍ഷം തടവുശിക്ഷ. വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വര്‍ഷം തടവ്. പത്തും, ഏഴും ആകെ 17 വര്‍ഷത്തെ തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.

17 വര്‍ഷത്തെ തടവ് അനുഭവിച്ചതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനാണ് ഒന്നാമത്ത ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രണ്ടാമത്തെ ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായം പരിഗണിച്ചും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതുമാണ് വധശിക്ഷ ഒഴിവാക്കാന്‍ കാരണം എന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *