ഉത്ര കൊലക്കേസ്; വിധി തിങ്കളാഴ്ച; പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍

കൊല്ലം: കോരളത്തെ നടുക്കിയ ഉത്രാ കൊലകേസിന്റെ വിധി നാളെ. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് കേസില്‍ വിധി പറയുക. ഉത്ര മരിച്ച് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്.

സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. കേസില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടത്തിയത്.

വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ അച്ഛന്റെ പ്രതികരണം.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാര്‍ച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നല്‍കിയ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസില്‍ മാത്രമാണ് നാളെ വിധി പറയുന്നത്. ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും കോടതി നടപടികളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *