
സഞ്ജയ് ദേവരാജന്‍
2014 മുതല്‍, അഥവാ മോഡി ഭരണം ഇന്ത്യയില്‍ തുടങ്ങുന്നത് മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏകാധിപത്യ പ്രവണത അതിശക്തമായി നിലനില്‍ക്കുന്നത് നമുക്ക് കാണാം.
തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ വരെ, സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നു. റിസോര്‍ട്ട് രാഷ്ട്രീയം എന്ന് കൂറുമാറ്റ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നമുക്ക് വിശേഷിപ്പിക്കാം.
മര്യാദാപുരുഷോത്തമന്‍ എന്ന് വാഴ്ത്തപ്പെടുന്ന ശ്രീരാമചന്ദ്ര മഹാരാജാവിന്റെ പേര് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്, യാതൊരു ധാര്‍മികതയും ഇല്ലാത്ത ഈ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍. ഒരാള്‍ മാത്രം കൂറുമാറുന്നത് അല്ല, കൂട്ടത്തോടെയുള്ള കൂറുമാറ്റം ആണ് ഇന്ന് നമുക്ക് കാണാവുന്നത്. കര്‍ണാടകയില്‍ അടക്കം ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയെ സഹായിച്ചത് ഈ കൂറുമാറ്റം തന്നെയാണ്. കൂറുമാറിയ ശേഷം എംഎല്‍എ സ്ഥാനം രാജി വെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിക്കുക. ജനങ്ങള്‍ കൂറുമാറ്റ രാഷ്ട്രീയത്തെ അംഗീകരിക്കുന്നത് തന്നെയാണ്, വീണ്ടും വീണ്ടും കൂറുമാറ്റ രാഷ്ട്രീയം അഥവാ റിസോര്‍ട്ട് രാഷ്ട്രീയത്തിന് ബിജെപി എന്ന് ഇന്ത്യയെ ഭരിക്കുന്ന പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.
ഹിന്ദുത്വ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോവുക. എല്ലാ ഭരണ വീഴ്ചകളും, രാഷ്ട്രീയ ധാര്‍മികതയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തികളും ചെയ്യുക. പെട്രോള്‍, ഡീസല്‍, പാചകവാതക വില അനിയന്ത്രിതമായി ഉയര്‍ത്തുക. ഒരുപക്ഷേ ഹിന്ദു ഉണര്‍ന്നു ഇരിക്കുവാനുള്ള നോക്കുകൂലി ആയിരിക്കാം പെട്രോള്‍-ഡീസല്‍, പാചക വാതക വിലവര്‍ദ്ധനവ്. പണപെരുപ്പം നിയന്ത്രണാതീതമായ അവസ്ഥയിലാണ്, തൊഴിലില്ലായ്മ രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ഇതൊന്നും ഈ രാജ്യത്ത് ചര്‍ച്ച ആകുന്നില്ല.
അപ്പോഴും എംഎല്‍എ മാരെ കോടികള്‍ വിലക്കെടുത്തു വാങ്ങിച്ചു കൂറുമാറ്റ രാഷ്ട്രീയം നടത്തുന്നു. ഇന്ത്യന്‍ ഭൂമി ചൈനീസ് സേന കയ്യേറിയിട്ടും അത് ചര്‍ച്ച ആകുന്നില്ല, ഇവിടെ രാജ്യസ്‌നേഹം ചര്‍ച്ചചെയ്യപ്പെടുന്നില്ല
എന്നാല്‍ രാജ്യത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേരെയുള്ള അതിക്രമങ്ങളും, രാജ്യ സ്‌നേഹത്തിന്റെ മറ പിടിച്ചുള്ള അധിക്ഷേപങ്ങളും നിര്‍ബാധം തുടരുന്നു. ചോദ്യം ചെയ്യപ്പെടുന്നവര്‍ തുറങ്കില്‍ അടയ്ക്കപ്പെടുന്നു. അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ച ഇന്ദിരാഗാന്ധിക്ക് ഇതിലേറെ ജനാധിപത്യബോധം ഉണ്ടായിരുന്നുവെന്ന് നമുക്ക് ചരിത്രത്തില്‍ നിന്ന് കാണാം.
ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചും ഐകരാഷ്ട്ര സംഘടനയിലും ലോക രാജ്യങ്ങളുടെ മുന്നിലും ഘോരമായി പ്രസംഗിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയ്ക്ക് പക്ഷേ തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ ഇന്ത്യയില്‍ ഈ ദിശയില്‍ നയിക്കാന്‍ സാധിക്കുന്നില്ല.
വൈവിധ്യങ്ങളുടെയും, സഹിഷ്ണുതയുടെയും, ജനാധിപത്യ മഹിമയുടെയും, മതേതരത്വത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് പോലും നേരിടാന്‍ പ്രധാനമന്ത്രിക്കും സംഘത്തിനും കഴിയുന്നില്ല. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പ് പരാജയങ്ങളെ ബിജെപി എന്ന രാഷ്ട്രീയ കക്ഷി അത്രയേറെ ഭയപ്പെടുന്നു.
ഹൈദരാബാദിലെ ബിജെപിയുടെ ദേശീയ നിര്‍വാഹ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുടുംബാധിപത്യ രാഷ്ട്രീയപാര്‍ട്ടികളെ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ സൂക്ഷ്മമായി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍, കോണ്‍ഗ്രസ് വിമുക്ത ഭാരതത്തില്‍ നിന്ന് മാറി പ്രതിപക്ഷ വിമുക്ത ഭാരതം എന്ന ആശയത്തിലേക്ക് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിലപാട് എടുത്തോ എന്ന സംശയം സ്വാഭാവികമായും തോന്നാം.
ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചകനിന്ദയുടെ പേരില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉണ്ടായപ്പോള്‍, വക്താക്കള്‍ക്ക് എതിരെ ശക്തമായ നടപടി പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടായി. ഇത്തരം ബഹുസ്വര നിലപാടുകളാണ് ജനാധിപത്യ ഇന്ത്യ പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് അകത്ത് കുടുംബാധിപത്യ പ്രവണതകളെ ഇല്ലാതാക്കുന്ന നടപടികളും സ്വാഗതാര്‍ഹമായത് തന്നെയാണ്. ഇന്ത്യന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മു വിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതും ജനാധിപത്യ ഇന്ത്യക്ക് സ്വീകാര്യമായ നിലപാടുകള്‍ തന്നെയാണ്. എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയം എന്ന കൂറുമാറ്റ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസ്സിന് ആവശ്യമാണ്.

 
                                            