ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര പോകാൻ കഴിയുന്ന രാജ്യങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

വിദേശ രജ്യങ്ങളിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാർക്ക് പലപ്പോഴും തടസം സൃഷ്ടിക്കുന്നത് വിസ ആണ്. എന്നാൽ ഏതൊരു ഇന്ത്യൻ പൗരനും വിസ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. അവയെ പരിചയപ്പെടാം.

  1. മൗറിഷ്യസ്

കടൽതീരങ്ങൾക്കും തടാകങ്ങൾക്കും പാറക്കെട്ടുകൾക്കും പേരുകേട്ട രാജ്യമാണ് കിഴക്കൻ ആഫ്രിക്കയിലെ മൗറിഷ്യസ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മൗറിഷ്യസ് പ്രകൃതി അനുഗ്രഹിച്ച നാടു കൂടിയാണ്. ദേശീയ ഉദ്യാനം, മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ, മലകയറ്റ പാതകൾ, കാടിന്റെ വന്യത എന്നിങ്ങനെ സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന എല്ലാം ഇവിടെയുണ്ട്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വിസ നൽകും. മുൻകൂട്ടി വിസ എടുക്കേണ്ടതില്ല. പാസ്‌പോർട്ടും തിരിച്ച് വരവിനുള്ള ടിക്കറ്റും കൈവശം കരുതണം. ഇത്തരത്തിൽ അറുപത് ദിവസം വരെ ഈ രാജ്യത്ത് തങ്ങാം.

2.ഭൂട്ടാൻ

ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാനാകും. മതിയായ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായാൽ മാത്രം മതി. ഇതിനുപുറമേ ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ നൽകുന്ന വോട്ടേഴ്‌സ് ഐഡി ഉണ്ടെങ്കിലും ഇവിടെ യാത്ര ചെയ്യാം. ബുദ്ധമത കേന്ദ്രമായ ഈ രാജ്യം മനസിന് ശാന്തിയും സമാധാനവും നൽകുമെന്നതിൽ തർക്കമില്ല. യുനെസ്കോ ദേശീയ പൈതൃകമായി പ്രഖ്യാപിച്ച മനാസ് ദേശീയ ഉദ്യാനം രാജ്യത്തെ പ്രത്യേതകളിൽ ഒന്നാണ്.

  1. മാലിദ്വീപ്

സെലിബ്രിറ്റികളുടെ പ്രിയ ഹോളിഡേ ഡെസ്റ്റിനേഷനാണ് മാലിദ്വീപ്. ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറായി ഇന്ത്യൻ മഹാസമുദ്രത്തിൽ അറബിക്കടലിലെ പ്രധാന ദ്വീപ് സമൂഹമാണ് മാല. ആയിരത്തിലധികം ചെറുദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറുസ്വർഗമെന്നും ദ്വീപിന് വിളിപ്പേരുണ്ട്. ഇന്ത്യക്കാർക്ക് ഇവിടെ എത്താൻ വിസ ആവശ്യമില്ല. കുറ‌ഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരുന്നാൽ മാത്രം മതി. ഇത്തരത്തിൽ 90 ദിവസം വരെ ഇവിടെ താമസിക്കാം. കേരളത്തീരത്തിന് അടുത്തായാണ് മാലിദ്വീപ് എന്നതും ഇന്ത്യയുമായുള്ള അടുപ്പം കൂട്ടുന്നു

.4. ജോർദാൻ

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജോർദാൻ. പുരാതനവും വൈവിധ്യവുമാർന്ന വാസ്തുവിദ്യകളുടെ സുന്ദരകേന്ദ്രം കൂടിയാണിവിടം.പതിനഞ്ചോളം പൗരാണിക ശേഷിപ്പുകളും രാജ്യത്തുണ്ട്. ഇവിടേക്ക് എത്തുന്നതിനായി ഇന്ത്യക്കാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല. ഓൺ അറൈവൽ വിസ ഇന്ത്യൻ പൗരൻമാർക്ക് ലഭിക്കും. പാറകളിലെ കൊത്തുപണികളാണ് ജോർദാനിലെ മറ്റൊരു പ്രധാന ആകർഷണം.

  1. നേപ്പാൾ

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലേക്ക് യാത്ര പോകാൻ ഇന്ത്യൻ പൗരൻമാർക്ക് പാസ്‌പോർട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയോ മാത്രം മതി. വിമാന മാർഗമല്ലാതെ റോഡ് മാർഗവും ഇവിടെയെത്തിച്ചേരാം. പുണ്യപുരാതന ക്ഷേത്രങ്ങളുടെയും ആചാര അനുഷ്ഠാനങ്ങളുടെയും കേന്ദ്രം കൂടിയാണിവിടം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഭക്തപൂർ ദർബാർ സ്‌ക്വയർ നേപ്പാളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *