ആർ ആർ ആറിലെ അജയ് ദേവ്​ഗണിന്റെ മോഷൻ പോസ്റ്റർ റീലിസ് ചെയ്തു

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘ആർ ആർ ആർ’. ചിത്രത്തിലെ അജയ് ദേവ്ഗൺ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ അൻപത്തി രണ്ടാം പിറന്നാൾ ദിനത്തിലായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. ‘തന്റെ ജനത്തെ ശാക്തീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അവന്റെ ശക്തി അവന്റെ വികാരത്തിലാണ്’ എന്നതാണ് മോഷൻ പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ‘ആർആർആർ’. ചിത്രത്തിന്റെ റിലീസ് തീയതി തന്റെ ട്വിറ്റർ പേജിലൂടെയാണ് രാജമൗലി പ്രഖ്യാപിച്ചത്. 2021 ഒക്ടോബർ 13 ന് തീയുടേയും ജലത്തിന്റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയായിരുന്നു പ്രഖ്യാപനം. ആർആർആർ ഒരുങ്ങുന്നത് 450 കോടി മുതൽ മുടക്കിലാണ്.

സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം നേരത്തെ സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരുന്നു. രാമരാജുവിന് വേണ്ടി നിശ്ചയദാർഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും എന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ഭട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.

ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് നിർമ്മാണം. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *