ആശുപത്രിയുടെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു ; ചികിത്സാ പിഴവെന്ന് പരാതി

തൃശ്ശൂര്‍ : കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവം നടന്ന സംഭവത്തില്‍ ചികിത്സാ പിഴവെന്ന് പരാതി. ഡിഎംഓയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. കുഞ്ഞ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിഎംഓയ്ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയും കുടുംബവും ആശുപത്രിയില്‍ എത്തിയത്. പ്രസവവേദനയുണ്ടെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും വേദന മാറുന്നതിനുള്ള ഇഞ്ചക്ഷനാണ് നല്‍കിയത്. മറ്റ് നടപടി ക്രമങ്ങളൊന്നും ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ല.

ശുചിമുറിയില്‍ കയറിയ യുവതി കുഞ്ഞിന്റെ തല പുറത്തേക്ക് കണ്ടപ്പോള്‍ ഒച്ച വെക്കുകയും അമ്മ അടക്കമുള്ളവര്‍ ശുചിമുറിയില്‍ എത്തുകയും ചെയ്തു. ഇവരാണ് കുട്ടിയെ പുറത്തേക്ക് എടുത്തത്. തുടര്‍ന്ന് ആശുപത്രി വരാന്തയിലേക്ക് എത്തിയപ്പോഴാണ് നഴ്‌സുമാര്‍ എത്തി പൊക്കിള്‍ക്കൊടി മുറിച്ചതെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് കുട്ടിക്ക് അണുബാധയുണ്ടെന്ന് അശുപത്രി അധികൃതര്‍ തന്നെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ മലങ്കര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് കുട്ടിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *