കൊല്ലം∙ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിലായി. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു സംഭവം നടന്നത്.
മദ്യപിച്ചെത്തിയ ഇയാൾ , രോഗികളിരിക്കുന്ന കസേരയിൽ കയറി കിടക്കുകയും ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ മധു പ്രശ്നം ഉണ്ടാക്കുകയും ചെയ്തു.തുടർന്ന് രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഇതോടെ ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ജാമ്യത്തിൽ വിട്ടു.
