ആവശ്യങ്ങൾ നടക്കാതായതോടെ കേസ്, നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരം; ആരോപണങ്ങളുമായി വിജയ് ബാബു

കൊച്ചി: പരാതിക്കാരിയായ ന‌ടിയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നെന്നുമാണ് ആരോപണം. പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി.

നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ പരാതി നൽകിയതെന്നും വിജയ് ബാബു ആരോപിക്കുന്നു. “2018 മുതൽ പരാതിക്കാരിയെ അറിയാം. പലതവണ യുവതി തന്നിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സിനിമയിൽ അവസരത്തിനുവേണ്ടി നടി നിരന്തരം വിളിച്ചിരുന്നു. ചില അവസരങ്ങൾ നൽകി. പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു.

പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണിത്. ഏപ്രിൽ 14ന് നടി തനിക്കൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യവുമായി ഫ്ലാറ്റിൽ തങ്ങി. അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിനിടെ തനിക്കുവന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു. ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി.”- തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതിക്ക് നൽകിയ ഉപഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നത്. അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *