ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിന്. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരാറിന് പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷനേതാവിനോടൊപ്പം ഇപ്പോൾ ഉള്ളയാളും മുൻപുണ്ടായിരുന്നയാളും പങ്കാളികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്.
പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് കടൽ വിൽപനയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവാദത്തിൽ വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൂഡാലോചനയിൽ ദല്ലാൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആളും ഇടപെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ദുരുദ്ദേശത്തോടെ ആയിരുന്നു ചിലരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ ഒരു അനുമതിയും നൽകിയിട്ടില്ലെന്നും, കപ്പൽ നിർമ്മാണ വിഷയത്തിൽ ജാഗ്രത പുലർത്തിയില്ലെന്നത് മാത്രമാണ് സർക്കാരിന്റെ വീഴ്ചയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

 
                                            