കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ്. ട്വന്റി 20 യുടെ ഉൾപ്പെടെ വോട്ടുകൾ എൽ ഡി എഫിന് ലഭിക്കും. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിൽ പദ്ധതി വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സർവേ ആകാമെന്ന് പറയുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിപിഎം ഇടപെട്ടതോടെ സാബു ജേക്കബിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിവി ശ്രീനിജിൻ എംഎൽഎ പിൻവലിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി വി ശ്രീനിജൻ ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജൻ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്. ശ്രീനിജനുളള മറുപടി ഉപതെരഞ്ഞെടുപ്പ് ദിവസമുണ്ടാകുമെന്ന വെല്ലുവിളിയായിരുന്നു സാബു ജേക്കബിൻറെ മറുപടി.
