ആപ്പിളിന്റെ പുതിയ ഗെയിംചേഞ്ചർ നീക്കം ചർച്ചയാകുന്നു. ഏറ്റവും കനം കുറഞ്ഞ ഐഫോൺ രംഗത്തിറക്കുന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആപ്പിൾ പ്രേമികൾ സ്വീകരിച്ചത്, ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17, ഐഫോൺ 17 എയർ അഥവാ ഐഫോൺ 17 സ്ലിം, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ നിര വിപണിയിൽ വലിയ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്.
മികച്ച ഡിസൈൻ, സാങ്കേതികത, ഉയർന്ന പ്രകടനം എന്നിവയുമായി എത്തുന്ന ഐഫോൺ 17 എയർ ഇപ്പോൾ വലിയ ചർച്ചകൾക്കു വഴിയൊരുക്കുകയാണ്. “പ്ലസ്” പതിപ്പിന് പകരമായി, ഇതുവരെ നിർമ്മിച്ച ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കും 17 എയർ. റിപ്പോർട്ട് അനുസരിച്ച്, ഈ മോഡലിന്റെ കനം ക്യാമറ ബമ്പ് ഉൾപ്പെടുത്തിയാൽ 9.5 മില്ലീമീറ്ററായിരിക്കുമെന്നതും, ക്യാമറ ബമ്പ് ഇല്ലാതെ 5.5 മില്ലീമീറ്റർ മാത്രമായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
ഐഫോൺ 17 എയർ 163 എംഎം ഉയരവും 77.6 എംഎം വീതിയും കരുതപ്പെടുന്നു. നിലവിലെ ഐഫോൺ 16 ന് 7.8 എംഎം കനം ഉണ്ടായിരുന്നതിനാൽ ഇത് കൂടുതൽ സ്ലിം ആയിരിക്കും. നിർമാണ ഘടകങ്ങൾ നോക്കുമ്പോൾ, ഐഫോൺ 17, 17 പ്രോ, 17 പ്രോ മാക്സ് എന്നീ മോഡലുകൾ അലുമിനിയം ഫ്രെയം ഉപയോഗിച്ച് വരുമെന്ന് കരുതുമ്പോൾ, 17 എയറിന് സ്ലീക് ടൈറ്റാനിയം ഫ്രെയം ഉപയോഗിക്കും. ഇത് കൂടുതൽ ഭാരം കുറഞ്ഞതും ദീർഘായുസ്സുള്ളതുമായ നിർമ്മിതിയാകുമെന്ന് പ്രതീക്ഷിക്കാം
