ഷോഹിമ ടി. കെ
ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കാത്തവര്‍ ചുറ്റിലുമുള്ളപ്പോഴും അത്തരം കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരും നമുക്കിടയിലുണ്ട്. ആചാരാനുഷ്ഠാങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ പല തരത്തിലുള്ള ആചാരങ്ങള്‍ പല വിഭാഗത്തില്‍പ്പെട്ടവരും തുടര്‍ന്നുവരുന്നുണ്ട്. ഇത്തരം ആചാരഅനുഷ്ടാനങ്ങള്‍ പെട്ടന്നൊരു ദിവസം നമുക്കു മുന്‍പില്‍ എത്തിയതല്ല. മറിച്ച് വര്‍ഷങ്ങളായി പിന്‍തുടര്‍ന്ന് വന്നതാണ്.
ആചാര അനുഷ്ടാനങ്ങളെ ക്കുറിച്ച് പറഞ്ഞ് വരുമ്പോള്‍ തെയ്യവും തിറയും എന്തെന്ന് പറയേണ്ടിയിരിക്കുന്നു. വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയാണ് തെയ്യവും തിറയും.
മനുഷ്യര്‍ ദേവതാരൂപം ധരിച്ചു നടത്തുന്ന അനുഷ്ഠാന നര്‍ത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും മൂന്നും സാമാന്യമായി ഒന്നു തന്നെയാണ്. എന്നാല്‍ വ്യത്യാസങ്ങളുമുണ്ട് താനും. യഥാര്‍ത്ഥത്തില്‍ തെയ്യം എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം എന്നു തന്നെയാണ്. ദൈവങ്ങളുടെ വേഷത്തില്‍ വന്ന് ജനങ്ങളെ അനുഹ്രഹിക്കുകയാണ് തെയ്യം ചെയ്യുന്നത്. സാധാരണഗതിയില്‍ ക്ഷേത്രങ്ങളിലും തറവാടുകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇത് കെട്ടിയാടുന്നത് അവര്‍ണ സമുദായത്തില്‍ പെട്ടവരാണ്. എന്നാല്‍ സവര്‍ണ്ണരും ദൈവങ്ങളെ വണങ്ങാറുണ്ട്.
നമ്മുടെ സമൂഹത്തില്‍ മുന്‍പ് അവര്‍ണരും സവര്‍ണരും തമ്മില്‍ വലിയൊരു അന്തരമുണ്ടായിരുന്നു. ക്ഷേത്രപ്രവശനത്തിന് പോലും താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് അനുവാദമില്ലായിരുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ നിന്നാണ് ഇന്ന് കാണുന്ന മാറ്റത്തിലേക്ക് സമൂഹം എത്തിയത്. കുറേ മനുഷ്യരുടെ രാപ്പകലില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇന്ന് ക്ഷേത്രത്തില്‍ കയറാനുള്ള അനുമതി പോലും അവര്‍ണ്ണര്‍ക്കു ലഭിച്ചത്.
ഇനിയും മാറാന്‍ കിടക്കുന്നു പലതും… അവയും മാറും കാലത്തിനൊപ്പവും നമുക്കൊപ്പവും.

 
                                            