അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അന്തിമ റിപ്പോർട്ട് വിജിലൻസ് മേധാവി സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത്ത് കുമാറിന് ഡിജിപിയായുള്ള സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങൾ ഇല്ലാതാകും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്‌ളാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിന്മേലായിരുന്നു അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ പിവി അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. വീട് നിർമ്മാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറവൻകോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്ത് കുമാറിനും ലഭിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല.നേരത്തേ, അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങൾ അടക്കം അന്ന് പുറത്തുവന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് അന്തിമ റിപ്പോർട്ടിലുള്ളത്.
വിജിലൻസിൽ നിന്ന് ക്ലീൻ ചീറ്റ് ലഭിച്ചതോടെ ഡിജിപി സ്ഥാനത്തേക്കുള്ള പട്ടികയിൽ അജിത്ത് കുമാറിന് മുൻഗണന ലഭിക്കും. മെയ് 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവിൽ ആറ് പേരുകളാണ് പരിഗണനയിലുള്ളത്. അതിൽ ആറാമനാണ് എഡിജിപി അജിത്ത് കുമാർ. അജിത്ത് കുമാറിന്റെ പേര് ഉൾപ്പെടുയുള്ള പട്ടിക കേന്ദ്രത്തിന് അയച്ചിരുന്നു.
റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ സീനിയർ. ഇന്റലിജൻസ് ബ്യൂറോ അഡീഷ്ണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.
