പലരും ഉപജീവനത്തിനായി വിവിധ തൊഴിലുകളാണ് ചെയ്യുന്നത്. ചിലർ ചെയ്യുന്ന തൊഴിലുകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ആഷ്‌ലി പെല്‍ഡണ്‍ എന്ന യുവതി ചെയ്ത് വരുന്നത്. അലറി കരയുകയാണ് ഈ യുവതിയുടെ ജോലി.
ആഷ്‌ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. സിനിമയിലും, സീരിയലുകളിലും അലറുന്നതാണ് യുവതിയുടെ തൊഴില്‍. ഇങ്ങനെ അലറി വിളിച്ചാണ് അവള്‍ പണം സമ്പാദിക്കുന്നത്. മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുമാറ് അലറി വിളിക്കുന്നതാണ് ആഷ്‌ലിയുടെ ജോലി. ആഷ്‌ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. ഹോറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, പൊട്ടി കരയുന്നതും എല്ലാം കഥാപാത്രങ്ങളുടെ രീതികൾക്കും ശബ്ദത്തിനും അനുസരിച്ച് മാത്രം.
വളരെ അധികം വൈദഗ്ധ്യം വേണ്ടുന്ന ഒരു തൊഴിലാണ് ഇതെന്ന് ആഷ്‌ലി പറയുന്നു. കാരണം വെറുതെ അലറി വിളിക്കുകയല്ല ചെയ്യേണ്ടത്, സന്ദര്‍ഭത്തിനനുസരിച്ച്, നിലവിളിയില്‍ ഏറ്റക്കുറച്ചിലും, ഉയര്‍ച്ച താഴ്ചകളും കൊണ്ട് വരണം. ‘ഞങ്ങള്‍ സ്റ്റണ്ട് ചെയ്യുന്ന ആളുകളെപ്പോലെയാണ്. ഒരു നടന്റെ ശബ്ദത്തിന് ഹാനികരമാകുന്നതോ അല്ലെങ്കില്‍ അവരുടെ പരിധിക്ക് പുറത്തുള്ളതോ ആയ പ്രയാസമേറിയ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്, ”-ആഷ്‌ലി അടുത്തിടെ ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനില്‍ വ്യക്തമാക്കിയിരുന്നു.
