അരികെ വരാതെ ;കുറ്റവും ശിക്ഷയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ, അജു വർഗീസ് എന്നിവർ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

അൻവർ അലിയുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം നൽകിയ അരികെ വരാതെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നേഹ നായർ ഡോൺ വിൻസെന്റ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസർകോഡ് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്. ജയ്പൂർ, കട്ടപ്പന എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റാണ്. ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.  

Leave a Reply

Your email address will not be published. Required fields are marked *