വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 18 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. അക്രമിയായ 18 കാരൻ സാൽവദോർ റാമോസിനെ പൊലീസ് വെടിവെച്ചുകൊന്നു. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്കൂളിലെത്തിയത്. ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് അക്രമി വെടി ഉതിർത്തത്. അതേസമയം പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ രംഗത്തെത്തി . അക്രമങ്ങളിൽ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ആകില്ലെന്നും ജോ ബൈഡൻ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ പറഞ്ഞു. ഇനി എന്നാണ് രാജ്യം തോക്ക് മാഫിയക്കെതിരെ നടപടിയെടുക്കുക എന്നും ബൈഡൻ ചോദിച്ചു.
തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തിയാണ് ജോ ബൈഡന്‍ പ്രകടിപ്പിച്ചത്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു ദാരുണ സംഭവം.

 
                                            