അമേരിക്കയിലെ കൂപ്പര്‍സിറ്റി നഗരസഭയും ഭരണങ്ങാനം പഞ്ചായത്തും ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാം വഴി കൈകോര്‍ക്കുന്നു

പാലാ: അമേരിക്കയിലെ ഫ്‌ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ മുനിസിപ്പല്‍ നഗരമായ കൂപ്പര്‍ സിറ്റിയും കേരളത്തിലെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറായതായി മാണി സി കാപ്പന്‍ എം എല്‍ എ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അമേരിക്കയിലെ ഒരു നഗരവുമായി കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായിട്ടാണ് സൗഹൃദപങ്കാളിത്വ ഉടമ്പടി പ്രഖ്യാപിക്കുന്നത്.

കൂപ്പര്‍സിറ്റി നഗരസഭയുടെ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗം വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാനവികതയുടെയും വികസനത്തിന്റെയും പുതിയ വഴി ഇതിലൂടെ തുറക്കുമെന്ന് കരുതപ്പെടുന്നു. വൈവിധ്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ബന്ധം ഇതിലൂടെ സാധ്യമാകും.

സാംസ്‌കാരികം, വിദ്യാഭ്യാസം, വിവരസാങ്കേതികം, വ്യാപാരം, ടൂറിസം മേഖലകളില്‍ ആഗോള ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി സഹായിക്കും. കല, ബിസിനസ്, ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയവ പ്രാദേശികതലത്തില്‍ ഇരുകൂട്ടര്‍ക്കും നടപ്പാക്കാനാവും. ആജീവനാന്ത സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തു സമൂഹത്തിനു സമൃദ്ധിയും സമാധാനവും സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇരു സ്ഥാപനങ്ങളും തമ്മില്‍ സംസ്‌കാരിക വിനിമയത്തിനുള്ള നടപടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക, വ്യവസായിക, ടൂറിസം,ബിസിനസ് മേഖലകള്‍ക്കു ഗുണകരമാകും വിധം ഭരണങ്ങാനത്തിന്റെ സാധ്യതകള്‍ കൂപ്പര്‍സിറ്റി അമേരിക്കയില്‍ വിളംബരം ചെയ്യും. ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ അടിസ്ഥാന സൗകര്യം, മാലിന്യ സംസ്‌ക്കരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ മാറ്റിയെടുക്കും. സാംസ്‌കാരിക വിനിമയങ്ങള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, മുഖാമുഖ മീറ്റിംഗുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും. കൂപ്പര്‍സിറ്റിയും ഭരണങ്ങാനം ഗ്രാമ പഞ്ചായത്തും ഇടനിലക്കാരില്ലാതെ നേരിട്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇരു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക ബാധ്യതയില്ലാതെയാവും പദ്ധതികള്‍ നടപ്പാക്കുക. ഭരണങ്ങാനം സ്വദേശിയും അമേരിക്കയിലെ മയാമിയില്‍ താമസക്കാരനുമായ ജോയി കുറ്റിയാനിയാണ് ഇരു സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ന്മാരായ വിനോദ് ചെറിയാന്‍ വേരനാനി, ലിന്‍സി സണ്ണി, അനുമോള്‍ മാത്യു, പഞ്ചായത്ത് മെമ്പര്‍ റെജി മാത്യു വടക്കേമേച്ചേരി, സെക്രട്ടറി സജിത്ത് മാത്യൂസ്, എബി ജെ ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *