തിരുവനന്തപുരം: ടോക്യോ ഒളിപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായ പി.ആര്. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.
ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിംപിക്സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങളായ സജന് പ്രകാശ്, എം ശ്രീശങ്കര്‍, അലക്സ് ആന്റണി, മുഹമ്മദ് അനസ്, കെ ടി ഇര്ഫാന്, എം പി ജാബിര്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, എന്നിവര്‍ക്കാണ് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവര്‍ക്ക് ഒളിംപിക്സ് ഒരുക്കങ്ങള്‍ക്കായി നേരത്തെ നല്കിയ അഞ്ച് ലക്ഷം രൂപക്ക് പുറമെയാണിതെന്നും മന്ത്രി പറഞ്ഞു.
