ആതിര
വാണിജ്യ സിനിമകളിലെ നായക സങ്കല്പങ്ങളുടെ കൂടു തകര്‍ത്തു കൊണ്ട് പുതിയൊരു ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് മലയാളികളുടെ അഭിമാനമായ നടന്‍ ഇന്ദ്രന്‍സ്. സ്വതസിദ്ധമായ പുഞ്ചിരിയും നര്‍മ്മങ്ങളുമായി, ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ലോക സിനിമയില്‍ പോലും അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍ നേട്ടം കൊയ്യുകയാണ്.
മലയാള സിനിമയ്ക്ക് അഭിമാനമായി ഇന്ദ്രന്‍സ് 2019ല്‍ ‘വെയില്‍മരങ്ങള്‍’ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ നായക കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമാണെന്ന് മലയാളികള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ഷാങ്ഹായ് മേളയില്‍ ആദ്യ പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു ‘വെയില്‍മരങ്ങള്‍’.

ഒരു നടന് ഒരേസമയം സാധ്യതയും ബാധ്യതയുമാണ് സ്വന്തം ശരീരം. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഹോം’ എന്ന സിനിമ ഇന്ദ്രന്‍സ് എന്ന നടനെ നായക കഥാപാത്രത്തിലേക്കാണ് കൈപിടിച്ചു കയറ്റിയത്. ഇന്ദ്രന്‍സ് എന്ന അതുല്യ നടന്റെ വിശേഷങ്ങള്‍ ‘കര്‍മ്മശക്തി’യിലൂടെ പങ്കുവെക്കുന്നു.
ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം?
ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ അവസ്ഥ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്റേതും. സ്മാര്‍ട്ട്‌ഫോണുകളെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പിന്നോട്ടാണ്. പലതിനും എനിക്ക് കുട്ടികളുടെ സഹായം വേണം. ഫോണും കാര്യങ്ങളും ഒക്കെ ഒരു പരിധി വിട്ടാല്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് ചിത്രം സംസാരിക്കുന്നത്. രണ്ട് തലമുറകളുടെ കുറവിനെ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.
തലമുറകള്‍ മാറി വരുന്ന സിനിമാലോകം പഠിപ്പിച്ചത് എന്തൊക്കെയാണ്?
ഇതുവരെ എത്തിച്ചത് പ്രേക്ഷകരാണ്. പിന്നെ, എന്റെ ഗുരുനാഥന്മാരും എന്നെ താഴോട്ട് പോകാതെ നിലനിര്‍ത്തുന്നതും അവര്‍ തന്നെയാണ്. അവരെ ഓര്‍ത്തുകൊണ്ടാണ് ഓരോ രംഗവും അഭിനയിക്കുന്നത്. ഓരോ സിനിമയും പ്രോത്സാഹിപ്പിച്ചത് പ്രേക്ഷകരാണ്. പല മാറ്റങ്ങളും സമൂഹത്തില്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ എന്നും മാറിമാറിവരുന്ന അവര്‍ക്കൊപ്പമാണ്. എനിക്ക് പഠിക്കാനുള്ള അവസരം കൂടിയാണിത്
കോവിഡ് കാലം സിനിമാ മേഖലയെ വളരെയധികം ബാധിച്ചുവല്ലോ. എന്തൊക്കെയാണ് സിനിമ രംഗത്ത് വന്ന മാറ്റങ്ങള്‍?
കോവിഡ് വല്ലാതെ വിഷമിപ്പിച്ചും ഭയപ്പെടുത്തിയും നമ്മെ കഷ്ടപ്പെടുത്തി കളഞ്ഞില്ലേ…. ആ സമയത്ത് വലിയ ആശ്വാസവും അനുഗ്രഹവുമായി വന്ന സിനിമയാണ് ‘ഹോം’. വിജയ് ബാബു സാര്‍, റോജിന്‍ തോമസ് എന്നിവരുടെ കൂടെ ഒക്കെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. സിനിമ തിയേറ്ററില്‍ പോയി കാണാന്‍ കഴിയുന്നില്ല എന്ന ഒരു വിഷമം ഉണ്ട്.

ചെയ്ത കഥാപാത്രങ്ങളില്‍ മനസ്സില്‍ ഏറ്റവും തങ്ങി നില്‍ക്കുന്ന കഥാപാത്രം?
ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം എന്റെ ജീവിതവുമായി അടുത്തുനില്‍ക്കുന്നു; ശരിക്കും ഒലിവര്‍ ട്വിസ്റ്റ് ഞാന്‍ തന്നെയാണ്.
കോമഡിയനില്‍ നിന്നും നായക കഥാപാത്രത്തിലേക്ക് എത്തിയപ്പോള്‍ വന്ന മാറ്റം?
മാറ്റം എന്നൊന്നില്ല, അഭിനയത്തില്‍ അധ്വാനം ഒരുപോലെയല്ലേ. നായക കഥാപാത്രത്തില്‍ എത്തിയപ്പോള്‍ പ്രതിഫലം കൂടി. അത്രേയുള്ളൂ (ചിരി)
