തിരുവല്ല (പത്തനംതിട്ട): സാമൂഹ്യ പ്രതിബദ്ധതയും തൊഴില്‍ സുരക്ഷിതത്വവും നിരാക്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാ ണെന്ന് യുത്ത് കോണ്‍ഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ.
അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് LDYF നേതൃത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച യുവജന മാര്‍ച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സന്തോഷ് കാലാ.
മക്കളുടെ ഉന്നമനത്തിന് വേണ്ടി സര്‍വ്വസ്വവും ചെലവഴിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് മോദി സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ പദ്ധതി കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് എന്ന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ കൂടിയായ സന്തോഷ് കാലാ ചൂണ്ടിക്കാണിച്ചു.
രാഷ്ട്രത്തിന്റെ പ്രതീക്ഷയായ യുവാക്കളുടെ കണ്ണീര്‍ ഭാരത മണ്ണില്‍ വീഴ്ത്തന്‍ യുവസമൂഹം അനുവദിക്കില്ലെന്നതും രാജ്യവ്യാപകമായി അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്ന് വരുന്ന ജനവികാരം ഉള്‍ക്കൊള്ളാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.\
എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സുഹാസ് അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം സ്വാഗതം പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എം അനീഷ് കുമാര്‍, ജോബി ടി ഈശോ, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപക് മാമന്‍ മത്തായി, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് മാത്യു നൈനാന്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീദേവി കുഞ്ഞമ്മ എന്നിവര്‍ സംസാരിച്ചു.

 
                                            