സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കണം : അടൂര്‍ പ്രകാശ് എം.പി

സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി. ഏ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലായിരിക്കണമെന്നത് 2014 ല്‍ UDF സര്‍ക്കാര്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നതാണ്. ഏറ്റവും അനുയോജ്യമായ പ്രദേശമാണ് വിളപ്പില്‍ശാലയിലെ നെടുംകുഴി. മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു സെന്റ് ഭൂമിപോലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

100 ഏക്കര്‍ ഭൂമി ഏറ്റടുക്കുമെന്നാണ് പ്രഖ്യാപിച്ചത്. നോട്ടിഫൈ ചെയ്ത വസ്തു ഉടമകളുടെ രേഖകള്‍ അധികൃതര്‍ വാങ്ങിയിട്ട് ഇപ്പോള്‍ പണമില്ലെന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിക്കാനോ വെട്ടിച്ചുരുക്കാനോ നീങ്ങുന്നത് കബളിപ്പിക്കലാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. പദ്ധതി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഭൂമി വിട്ടു നല്‍കുന്നവരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും അടൂര്‍ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

പദ്ധതി വൈകിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കും. കെ.പി.സി. സി നിര്‍വാഹക സമിതിയംഗം മലയിന്‍കീഴ് വേണുഗോപാല്‍, ഡി.സി.സി ഭാരവാഹികളായ വിളപ്പില്‍ ശശിധരന്‍ നായര്‍, ശോഭന കുമാരി, എം.ആര്‍. ബൈജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഏ.ബാബു കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ വിനോദ് രാജ്, മിണ്ണംകോട് ബിജു തുടങ്ങിയ നേതാക്കളും പ്രദേശം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *