തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ വളരെയധികം സംതൃപ്തനാണ്. അതു തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കേരള ബിജെപിയില്‍ കേന്ദ്ര നേതൃത്വം അടിമുടി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് സുരേഷ്‌ഗോപി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയത്.
മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന അദ്ധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്. അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച് രണ്ട് വര്‍ഷം ആകുന്നതേയുള്ളൂ. പക്ഷേ സുരേന്ദ്രനോട് നേരത്തെയുണ്ടായ താല്‍പര്യം കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴില്ല.
