യെസ് ബാങ്ക് മുൻ സിഇഒയുടെ സ്വത്ത് കണ്ടു കെട്ടാൻ ഉത്തരവ്

ന്യൂഡൽഹി: മുൻ യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണ കപൂറിൻെറ ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ കണ്ടു കെട്ടാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഉത്തരവ്. സ്വത്തിൽ നിന്ന് റാണാ കപൂറിന് ഈടാക്കിയ പിഴ കണ്ടെത്താനാണ് തീരുമാനം. ഒരു കോടി രൂപ പിഴ അടയ്ക്കാൻ റാണാ കപൂറിന് സാധിക്കാത്തതിനെത്തുടർന്നാണ് നടപടി.

2020 സെപ്റ്റംബറിലായിരുന്നു സെബി റാണാ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തിയത്. ലിസ്റ്റ് ചെയ്യാത്ത പ്രമോട്ടർ സ്ഥാപനമായ മോർഗൻ, വായ്പാ വിവരങ്ങൾ യെസ് ബാങ്കിലെ ഡയറക്ടർ ബോർഡിൽ നിന്ന് മറച്ചുവെച്ചതുൾപ്പെടെയുള്ള ആരോപണങ്ങളാണ് റാണാ കപൂറിൻെറ പേരിലുള്ളത്. 2021 ഫെബ്രുവരിയിൽ ഇടപാട് നിയമവിരുദ്ധമായതിനാൽ സെബി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.

റാണാകപൂർ കുടിശ്ശിക വരുത്തിയിരിക്കുന്നത് 1.04 കോടി രൂപയാണ്. ബാങ്കുകൾ, മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ എന്നിവയ്ക്ക് റാണ കപൂറിന്റെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിക്കാനാകില്ല. 2020 മാർച്ചിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാണ കപൂറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ നവി മുംബൈയിലെ ജയിലിലാണ് .റാണാ കപൂർ യെസ് ബാങ്ക് മേധാവി ആയിരുന്നപ്പോൾ 30,000 കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചിരുന്നത്. ഇതിൽ 20,000 കോടി രൂപയും കിട്ടാക്കടങ്ങൾ ആയിരുന്നു. കപൂറിനും കുടുംബാംഗങ്ങൾക്കും 4,300 കോടി രൂപയുടെ വായ്പ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. ഇതെല്ലാം വൻകിട നിഷ്‌ക്രിയ ആസ്തികളായി മാറി.കൈക്കൂലി വാങ്ങി വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് വഴിവിട്ട് വായ്പ അനുവദിച്ചതും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *