തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ കൂടി തുറന്നു. 1, 5, 6 എന്നീ ഷട്ടറുകളാണ് 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതോടെ ആറു ഷട്ടറുകളില്‍ക്കൂടി 2,974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ വെള്ളം തുറന്ന് വിട്ടത് കൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 6 മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചത് . എന്നാല്‍ കേരളം ആവിശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ തുറക്കുന്നത്. ഇനി ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
