ഷോഹിമ ടി.കെ
ദിനംപ്രതി മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച് മനസ് താളംതെറ്റുമ്പോള്‍ ഞാന്‍ ആരാണെന്ന് സ്വയം ചോദിക്കുന്നവരുണ്ട് നമുക്ക് ചുറ്റിലും. അമ്മയേയും സഹോദരിയേയും കാണുമ്പോള്‍ മിഴിച്ചു നില്‍ക്കുന്നവരുമുണ്ട് നമുക്കിടയില്‍. നമ്മുടെ ഹരിത ഗ്രഹം ഇന്ന് ലഹരി ഗ്രഹമായ അവസ്ഥയാണ്.
ലഹരി ഉല്‍പ്പന്നങ്ങളുമായി പിടികൂടി എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇല്ലാത്ത ദിവസം ഇനി എന്നെങ്കിലും നമുക്കുമുന്നിലൂടെ കടന്നുപോകുമോ…?
ഇന്ന് മദ്യം, ഒപ്പിയം, കഞ്ചാവ്, പാന്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാകത മയക്കുമരുന്നുകളെ കടത്തിവെട്ടി എം.ഡി. എം.എ
സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍ പെടുന്ന ലഹരി വസ്തുവാണ് ഇപ്പോള്‍ പിടിക്കപ്പെടുന്നതില്‍ കൂടുതലും. മോളി, ഏക്സ്, ഏക്സ്റ്റസി എന്നീ പേരുകളില്‍ അറിയപ്പെടുന്ന എംഡിഎം എ ബാംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ എത്തുന്നത്. ഓര്‍മ്മക്കുറവ്, ഹൃദയരോഗം, മനോനിലതകരാറിലാകല് കാഴ്ചക്കുറവ് തുടങ്ങിയവയ്ക്ക് ഇത് കാരണമാകുന്നു. ഇവ ഉറക്കമില്ലായ്മയ്ക്ക് നല്ലതാണെന്ന് പറയുന്നത് ദീര്‍ഘയാത്ര ഓട്ടോ ഡ്രൈവര്‍മാരാണ്. യഥാര്‍ത്ഥത്തില്‍ മയക്കുമരുന്നുകള്‍ മനുഷ്യനെ ജീവിപ്പിച്ച് കൊല്ലുകയാണ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കേണ്ടതുണ്ട്.
എളുപ്പത്തില്‍ കടത്താം.
സൂക്ഷ്മമായി പരിശോധിച്ചാലേ കണ്ടത്താണാവൂ.
ലാഭമാണെങ്കില്‍ ഇരട്ടിയാണ്.
ഈ കാരണങ്ങള്‍ എല്ലാം തന്നെ ചില മയക്കുമരുന്നുകള്‍ കടത്താന്‍ ആളുകള്‍ക്ക് പ്രേരണയാകുന്നു. നശിക്കുന്നത് അല്ല, നശിപ്പിക്കുന്നത് സ്വന്തം ജീവിതമാണെന്ന് ആരും തന്നെ ഓര്‍ക്കുന്നില്ല. എന്താണെന്ന് അറിയാനുള്ള വ്യാഗ്രതയില്‍ നിന്നും തുടങ്ങി അതില്‍ ഭ്രമിച്ചു പോവുന്നവരാണ് മിക്കതും. സമൂഹം ലഹരിയുടെ പിടിയിലാവുകയാണെന്ന് അറിഞ്ഞിട്ടും നോക്കുകുത്തികളായി നില്‍ക്കേണ്ടി വരുകയാണ് നാം ഉള്‍പ്പെടുന്ന സമൂഹം.
