ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മൈയെ തെരഞ്ഞെടുത്തു. ബി.എസ് യെദിയൂരപ്പ രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി. കേന്ദ്ര നിരീക്ഷകരായ ധര്‍മ്മേന്ദ്ര പ്രധാന്‍, കിഷന്‍ റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.
മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബാസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്. ആര്‍. ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബാസവരാജ് 2008 ലാണ് ബി.ജെ.പിയിലെത്തുന്നത്.
ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായും രണ്ട് തവണ എം.എല്‍.സിയായും തെരഞ്ഞെടുക്കപ്പെട്ടു. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചത്
