തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. വട്ടപ്പാറ എസ് യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

2001-ല്‍ ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും ഏറെക്കാലം മില്‍മയുടെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്.
കേരള സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു.
