പുരാവസ്തു തട്ടിപ്പ് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: മന്ത്രി വി. മുരളീധരൻ

പാലക്കാട്:പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക കേരളസഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണ്ണ കള്ളക്കടത്തുകാർക്കും ഇടം നൽകിയ വേദിയാണ്  ലോക കേരള സഭ.

ലോക കേരള സഭയിൽ മുഖ്യറോളിലുണ്ടായിരുന്ന വനിതയാണ് പുരാവസ്തു തട്ടിപ്പുകാരനു വേണ്ടിയും ഉന്നത കേന്ദ്രങ്ങളിൽ ഇടനില നിന്നതെന്ന് വാർത്തകൾ പുറത്തു വരുന്നു.
ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. മുൻ  ഡി.ജി.പി ലോക് നാഥ് ബഹ്റ 2020 മെയ് മാസം അന്വേഷണമാവശ്യപ്പെട്ട് ഇൻ്റലിജൻസ് ഏജൻസിക്ക് റിപ്പോർട്ട് കൊടുത്തിട്ടും  എന്തുകൊണ്ടാണ് അന്വേഷണം നടക്കാതിരുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

മോൻസൻ മാവുങ്കലിനെതിരെ കൊച്ചി പൊലീസിൽ നൽകിയ പരാതികളെല്ലാം ഒതുക്കി തീർത്തത് ആരുടെ സ്വാധീനത്തിലാണെന്നും മന്ത്രി ചോദിച്ചു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ആഭ്യന്തര വകുപ്പിലേക്കാണ്. ദുരൂഹത നീക്കാൻ മുഖ്യമന്ത്രി തയാറാകണം.  താനുമായി അടുപ്പമുള്ളവർക്ക്‌ ബന്ധമില്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് വിടാൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും    വി. മുരളീധരൻ പറഞ്ഞു.യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ സോളാർ തട്ടിപ്പിന് സമാനമാണ് പുരാവസ്തു തട്ടിപ്പെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.

സോളാർ തട്ടിപ്പിന്  മുഖ്യമന്ത്രിയുടെ ഓഫീസിൻ്റ സംരക്ഷണമുണ്ടായിരുന്നു . ഇതേ രീതിയിലാണ് പുരാവസ്തു തട്ടിപ്പും നടന്നത്. പുറത്ത് വരുന്ന വാർത്തകൾ ആശ്ചര്യകരമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മലമ്പുഴ ആനക്കല്ലിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു  വി. മുരളീധരൻ.

Leave a Reply

Your email address will not be published. Required fields are marked *