ഓട്ടോ ഡ്രൈവര്‍മാരെ പീഡിപ്പിച്ച് മൈക്രോഫിനാന്‍സ് കമ്പനികള്‍

മെയ് 8 ന് ആരംഭിച്ച് ജൂണ്‍ 16 വരെ നീണ്ട ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടിയ വലിയൊരു വിഭാഗമാണ് ഓട്ടോ ഡ്രൈവര്‍മാര്‍. ഇളവുകളെ തുടര്‍ന്ന്, പതിയെ ജീവിതം ചലിച്ചുതുടങ്ങിയെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള സാധാരണക്കാരെ വേട്ടയാടുന്നു.

അതില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നതിന് വായ്പകളും മറ്റുമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ പലിശ നിരക്കോ, ഭാവിയിലെ ബുദ്ധിമുട്ടുകളോ ഒന്നും ആലോചിക്കാതെ പണമിടപാടു സ്ഥാപനങ്ങള്‍ വിരിയ്ക്കുന്ന വലയില്‍ ഇക്കൂട്ടര്‍ വീഴുന്നു. അത്തരത്തില്‍, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച്, ഭീഷണിയായി മാറിയിരിക്കുകയാണ് മൈക്രോഫിനാന്‍സ് കമ്പനികളെന്ന് തിരുവനന്തപുരം തമ്പാനൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ‘കര്‍മശക്തി’യോട് തുറന്നു പറയുന്നു.

ഇസാഫ്, മുത്തൂറ്റ് അടക്കമുള്ള മൈക്രോഫിനാന്‍സ് കമ്പനികളാണ് ഓട്ടോ ഡ്രൈവര്‍മാരെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. ആട്ടിന്‍തോലിട്ട്, ചെന്നായയുടെ സ്വഭാവം കാണിക്കുന്നതാണ് എല്ലാ മൈക്രോഫിനാന്‍സ് കമ്പനികളും. ചൂഷണം ചെയ്യാനും ഭീഷണിപ്പെടുത്താനുമുള്ള എളുപ്പവഴി എന്ന നിലയില്‍, ലോണ്‍ ആവശ്യമുള്ളവര്‍ക്ക് അവരുടെ ഭാര്യമാരുടെ പേരിലാണ് ലോണ്‍ അനുവദിക്കപ്പെടുന്നത്. തിരിച്ചടവ് തെറ്റുമ്പോള്‍ വീട്ടില്‍ അന്വേഷിച്ച് എത്തി ഭീഷണി മുഴക്കുകയും ചെയ്യും. ഇത് ഒട്ടേറെ കുടുംബങ്ങളെ വിഷമവൃത്തത്തിലാക്കുന്നു.

ലോക്ക്ഡൗണ്‍ പരിഗണനകളൊന്നും നല്കാതെയുള്ള ഇത്തരം പ്രവൃത്തികള്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. ലോക്ക്ഡൗണ്‍ സമയത്തെ ജീവിതച്ചെലവുകള്‍ക്ക് തുക കണ്ടെത്തിയത് തന്നെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ സഹായം സ്വീകരിച്ചാകാം. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍, വാടക കുടിശ്ശികയും ഉണ്ടാകാം. ഇതൊക്കെ എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ ആകുലപ്പെടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്, ഒരു ‘ഇരുട്ടടി’യാണ് ലോണ്‍ തിരിച്ചടവ് എന്നതില്‍ സംശയമില്ല.

ഈ അവസ്ഥയില്‍, മനുഷ്യത്വപരമായ തീരുമാനം കൈക്കൊള്ളാന്‍ അധികാരികള്‍ തയ്യാറാകണം. ലോണ്‍ തിരിച്ചടവിന് സാവകാശം നല്കുകയും ലോക്ക്ഡൗണ്‍ സമയത്തെ പലിശ ഒഴിവാക്കുകയും ചെയ്യണം. ഓട്ടോ ഡ്രൈവര്‍മാരും മനുഷ്യരാണ്.

Leave a Reply

Your email address will not be published. Required fields are marked *