തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനത്തിൽ നേരിയ കുറവ്. 99.26 ആണ് വിജയശതമാനം. . 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 44363 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കണ്ണൂരിലും കുറവ് വയനാടുമാണ്. 2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണുള്ളത്. 1,91,382 വിദ്യാർഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേർ പരീക്ഷ എഴുതി.
ഉത്തരകടലാസിന്റെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ നാളെ മുതൽ 22 വരെ ഓൺലൈനായി നൽകാവുന്നതാണ്. സേ പരീക്ഷാ വിജ്ഞാപനം പ്രത്യേകമായി പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. ജൂലായിലായിരിക്കും പരീക്ഷ.2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ ഗ്രേസ് മാർക്കില്ല എന്നതും പ്രത്യേകതയാണ്.
