കണ്ണൂര്‍ : എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി. സുപ്രിം കോടതി വിധി അനുസരിച്ച എയിഡഡ് വിദ്യാലയങ്ങളില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് പി. കെ. എസ് പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി സര്‍ക്കാറിനോടവശ്യപ്പെട്ടു.
എയിഡഡ് സ്ഥാപനങ്ങളിലെ ശമ്പളം, പെന്‍ഷന്‍, വാര്‍ഷിക മെയിന്റനെന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാരാണ് നല്കുന്നത്. ആയതിനാല്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം നല്കിയിരുന്നു. 2018 ല്‍ സാമൂഹ്യ നീതി വകുപ്പ് അതനുസരിച്ച് ഉത്തരവ് പുറത്തിറക്കി. എന്നാല്‍ അത് അംഗികരിക്കാന്‍ കഴിയാത്ത മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെയും സുപ്രിം കോടതിയേയും സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിയമം അംഗീകരിച്ച് കോടതി ഉത്തരവിറക്കി. പിന്നീട് മാനേജ്‌മെന്റുകള്‍ ഹര്‍ജി പിന്‍വിലിക്കുകയും ചെയ്തിരുന്നു.നിലവില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് തടസ്സങ്ങളൊന്നുമില്ല എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ സാമൂഹ്യനീതിക്കും ഭരണഘടനാ വ്യവസ്ഥകള്‍ക്കും വിധേയമായി കേരള വിദ്യാഭ്യാസ നിയമത്തിലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 ആം വകുപ്പ് പുനസ്ഥാപിക്കുക. പട്ടികജാതി -പട്ടികവര്‍ഗ നിയമനം സംബന്ധിച്ച് സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാക്കികൊണ്ട് സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പി. കെ. എസ്. പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ടി. അജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി ഇ. രാഘവന്‍ മാസ്റ്റര്‍, എ. വി. സത്യന്‍, സി. റീന, കെ. സായന്ത്, പി. വത്സന്‍ എന്നിവര്‍ സംസാരിച്ചു.
