ബിജെപി – എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വാമനപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി പര്യടനം തുടങ്ങിയത്. കേരളത്തിൽ ഇടത് – വലത് മുന്നണികളുടെ ഭരണ കാലത്ത് സ്ത്രീ സുരക്ഷ കടംകഥയാണെന്ന് മന്ത്രി പറഞ്ഞു.പൊലീസിൽ നിന്നു പോലും നീതി കിട്ടാത്ത അവസ്ഥയാണ് സ്ത്രീകൾക്ക്. ഈ ദുരവസ്ഥക്ക് മാറ്റമുണ്ടാക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്താൻ കഴിയണം . പെൺകുട്ടികൾക്ക് അവരുടെ സംസ്കാരം പുലർത്തി ജീവിക്കാൻ കഴിയുന്ന അവസ്ഥ വേണം. പ്രണയം നടിച്ച് പെൺകുട്ടികളെ മതം മാറ്റുന്ന സംഭവങ്ങൾ ഏറെ ഉണ്ടായി. ഇതിനെതിരെ ശബ്ദിക്കാൻ ഇടത്- വലത് മുന്നണികൾ തയ്യാറായില്ല. ബി.ജെ.പി മാത്രമാണ് ഇക്കാര്യം പ്രകടന പത്രികയിൽ പറഞ്ഞത്. ശബരിമലയിൽ സ്ത്രീകൾക്ക് തുല്യത നൽകുകയായിരുന്നില്ല പിണറായി സർക്കാരിന്‍റെ ലക്ഷ്യമെന്നും കോടി കണക്കിന് വിശ്വാസികളുടെ വിശ്വാസ കേന്ദ്രത്തിന്‍റെ പരിപാവനത നശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളായ സ്ത്രീകളാരും ശബരിമലയിലേക്ക് പോകാൻ തയ്യാറായില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി നിരവധി പദ്ധതികൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കി.കുട്ടികൾക്കും സ്ത്രീകൾക്കും പോഷകാഹാരം നൽകുന്നതുൾപ്പെടെ കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിന്‍റേതാക്കി മാറ്റുകയാണ് ഇടത് സർക്കാരെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും റോഡ്, വീട്, ശുദ്ധജലം തുടങ്ങിയവ ലഭ്യമാക്കുക എന്നതാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ ലക്ഷ്യം . മോദിയുടെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കേന്ദ്രത്തിനൊപ്പം കേരളത്തിലും എൻ.ഡി.എ സർക്കാർ വരണമെന്നും മന്ത്രി പറഞ്ഞു.
