ഹോട്ടലുകളിലും, ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനം ആയത്.

ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് ബാധകമല്ല. പകുതി സീറ്റുകളേ ക്രമീകരിക്കാവൂ. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളില്‍ തൊഴിലാളികളും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരാകണം.

നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഒഴിവാക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ട്ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. ഇന്‌ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കാം. ഇവിടെയും വാക്‌സിനേഷന്‍ എടുത്തവരെയാകണം പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *