തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സര്‍ക്കാര്‍ പ്രഖ്യാപനം വന്നാല്‍ താമസിക്കാതെ സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും ശിവന്‍കുട്ടി അറിയിച്ചു.
സ്‌കൂള്‍ തുറക്കണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാല്‍ പോര. വിദ്യാഭ്യാസ തദ്ദേശ ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദഗ്ദ്ധര്‍ പ്രോജക്റ്റുകളും പഠനങ്ങളും നടത്തുന്നുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് ശിവന്‍കുട്ടി അറിയിച്ചു.
