സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പിന്നിട്ടു; രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും നല്‍കാനായി എന്ന് ആരോഗ്യവകുപ്പ്. കോവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനം വാക്‌സീനേഷനാണ്. 80 ശതമാനം കവിഞ്ഞു എന്നത് വളരെ പ്രധാനമാണ്

സെപ്തംബര്‍ എട്ട് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ശരാശരി കൊവിഡ് ആക്ടീവ് കേസുകള്‍ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടിപിആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനത്തിന് മാത്രമേ ഓക്‌സിജന്‍ ബെഡുകള്‍ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐസിയുവില്‍ ആയുള്ളൂ.

18 വയസ്സായ എല്ലാവര്‍ക്കും ഈ മാസം ആദ്യഡോസ് നല്‍കാനായാല്‍ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കാനാവും എന്നാണ് കരുതുന്നത്. രോഗം ബാധിച്ച ശേഷം ആശുപത്രിയില്‍ വൈകിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടാവുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം മുപ്പത് ശതമാനമായി കൂടി. ആഗസ്റ്റില്‍ അത് 22 ശതമാനമായിരുന്നു. കൊവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായധിക്യവും അനുബന്ധരോഗങ്ങളും ഉള്ളവരാണ്.തക്ക സമയത്ത് ചികിത്സ തേടിയാല്‍ വലിയൊരളവ് മരണസാധ്യത ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *