ന്യൂഡല്‍ഹി: ഭൂരിഭാഗം വനിതാ അഭിഭാഷകരും തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ വലിയ യാതനകള്‍ സഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി ജഡ്ജിമാരില്‍ സ്ത്രീ പ്രാതിനിധ്യം 11 ശതമാനത്തിലെത്തിച്ചത് ഏറെ കഷ്ടപ്പെട്ടിട്ടാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ 50 ശതമാനം സ്ത്രീകളാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുക.
എന്നാല്‍, വളരെക്കുറച്ച് സ്ത്രീകള്‍ക്കുമാത്രമാണ് ഉന്നതശ്രേണിയിലെത്താന്‍ സാധിക്കുന്നത്. എത്തുന്നവര്‍ക്കാകട്ടെ, പ്രശ്നങ്ങള്‍ തുടരുകയും ചെയ്യുന്നു. നീതിന്യായ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നു എന്ന് എന്‍.വി. രമണ പറഞ്ഞു. ബാര്‍ കൗണ്‍സില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നിലവില്‍ ചീഫ് ജസ്റ്റിസുള്‍പ്പെടെ 33 ജഡ്ജിമാരുള്ള സുപ്രീം കോടതിയില്‍ ഇന്ദിരാ ബാനര്‍ജി, ഹിമ കോഹ്ലി, ബി.വി. നാഗരത്ന, ബേലാ എം. ത്രവേദി എന്നിങ്ങനെ നാല് വനിതാ ജഡ്ജിമാരാണുള്ളത്. ഊഴപ്രകാരം 2027-ല്‍ ജസ്റ്റിസ് നാഗരത്ന ചീഫ് ജസ്റ്റിസ് ആകുന്നതോടെയാകും ഇന്ത്യയ്ക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കുക
