ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ചു സംയുക്ത കിസാന്‍ മോര്‍ച്ച. പ്രതികളെ അറസ്റ്റ് ചെയ്യാത്ത യുപി സര്‍ക്കാര്‍ നടപടിക്കെതിരെ ഈ മാസം 12ആം തീയതി ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു. 18ന് രാജ്യവ്യാപക റെയില്‍ ഉപരോധം സംഘടിപ്പിക്കും.
അതേസമയം, ലഖിംപൂര്‍ ഖേരി ആക്രമണത്തില്‍ പ്രതികളായവരെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ പദവിക്കോ സമ്മര്‍ദത്തിനോ കഴിയില്ല. ലഖിംപൂരില്‍ നടന്നത് ദൗര്‍ഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. ലഖിംപൂര്‍ ഖേരി ആക്രമണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത യുപി സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി ഇന്ന് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.
കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തത്? മറ്റ് കൊലപാതക കേസുകളിലും നിങ്ങള്‍ പ്രതികളെ ഇതേ രീതിയിലാണോ പരിഗണിക്കാറ്? ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
