റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി, പൊലീസ് നെഞ്ചത്ത് ചവിട്ടി, സംസാരിക്കാൻ പോലും കഴിയുന്നില്ലെന്ന് ജെബി മേത്തർ

ന്യൂഡൽഹി: കോൺ​ഗ്രസിന്റെ ഇഡി ഓഫീസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്ത് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് നടപടി.

വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി ആരോപിച്ചു.
പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺ​ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺ​ഗ്രസുകാരെക്കൊണ്ട് നിറയും. എം.പിയെന്ന പരി​ഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ​ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും ജെബി മേത്തർ എം.പിവ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *