രാജ്യത്ത് പരിശോധനകൾ കുറഞ്ഞിട്ടും കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിന് മുകളിൽ പോസിറ്റീവ് കേസുകളും 271 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധനകൾ കുറഞ്ഞിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇതുവരെ കുറവുണ്ടായിട്ടില്ല. ഇന്നലെ 7, 85,864 പേരിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് 56,211 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ 60 ശതമാനത്തോളം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.
മഹാരാഷ്ട്രയിൽ രണ്ടാംഘട്ട ലോക്ക് ഡൗൺ ഉണ്ടാകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. പൊതുജനം മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ലോക്ക്ഡൗൺ ഒഴിവാക്കാൻ പറ്റുമെന്നാണ് മുതിർന്ന എൻസിപി നേതാവ് നവാബ് മാലിക് പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
