കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് 1956 വോട്ടിന് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
സത്യപ്രതിജ്ഞ ചെയ്താല്‍ ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇതോടെ ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന ടിഎംസി നേതാവ് സൊവാന്‍ദേബ് ചാറ്റോപാധ്യായ മമതയ്ക്ക് വേണ്ടി രാജിവെച്ചു. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.
