വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയില്‍ ബുധനാഴ്ച വൈകീട്ടുണ്ടായ അതിതീവ്ര മഴയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമില്ല.
മഴ തുടരുന്നതിനാല്‍ മുന്‍കരുതലായി അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉരുള്‍പൊട്ടിയതെല്ലാം കാട്ടിലും ജനവാസ കേന്ദ്രത്തില്‍ നിന്നും മാറിയിട്ടുമായതിനാല് വന്‍ ദുരന്തം ഒഴിവായി. ഓടംതോട്, പടങ്ങിട്ടത്തോട്, വിആര്‍ടി കവ, പാലക്കുഴിയിലെ കല്ക്കുഴി,വിലങ്ങന്‍ പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
അതേസമയം മഴവെള്ള പാച്ചിലില്‍ ഓടംതോട് റോഡ് തകര്‍ന്നു പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ജില്ലയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രദേശത്ത് പലയിടങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതി തടസ്സപ്പെട്ടു.
