പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ്; വിദേശത്തേക്ക് കടന്ന പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പോലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണോ എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സംശയം. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

അശ്ളീല വീഡിയോ കാണിച്ച് മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പലതവണ സ്വകാര്യഭാഗങ്ങളില്‍ കടന്നുപിടിച്ചുവെന്നും പരാതിയില്‍ പറയുന്നു. പുറത്തുപറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്നായിരുന്ന ഭീഷണി. അതിനാല്‍ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവില്‍ പഠനത്തില്‍ പിന്നോക്കം പോയപ്പോഴാണ് അധ്യാപകര്‍ കുട്ടിയെ ശ്രദ്ധിക്കുന്നതും വിവരം പുറത്തായതും.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതി വിദേശത്തേക്ക് കടന്നത്. ഇക്കാര്യം പലതവണ കുന്ദമംഗലം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മുഖവിലയ്ക്ക് എടുത്തില്ല എന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാല്‍, അന്വേഷണം പുരോഗമിക്കുകയാണെന്നും വിസ റദ്ദാക്കി പ്രതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *