ഇടുക്കി : ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ് ഐ നേതാവ് വിഷ്ണു എന്നിവരുടെ കേസിലെ ഇടപ്പെടലിൽ സംശയമുണ്ടെന്നും സി പി മാത്യു വ്യക്തമാക്കി.
ധീരജിന്‍റെ കൊലപാതകം എസ്എഫ്ഐക്ക് പറ്റിയ കൈയ്യബദ്ധമാണ്. ധീരജിന്‍റെ അനുഭവം ഉണ്ടാകരുത് എന്ന് എസ്എഫ്ഐക്കാരെ മുതിർന്ന നേതാവ് എന്ന നിലയിൽ ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. ഈ പ്രസ്ഥാവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സി പി മാത്യു വിശദീകരിച്ചു. ഭരണം മാറുമ്പോൾ പുതിയ അന്വേഷണം വരും അപ്പോൾ സത്യം പുറത്തു വരുമെന്നും സി പി മാത്യു തൊടുപുഴയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സി പി മാത്യുവിന്‍റെ പ്രസംഗം വിവാദമായത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി പി മാത്യുവിന്റെ ഭീഷണി പ്രസംഗം. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സി പി മാത്യു വിവാദ പരാമർശം നടത്തിയത്. സി പി മത്യു നടത്തിയത് കൊലവിളിയാണെന്ന് എസ് എഫ് ഐ ആരോപിച്ചിരുന്നു.
