താൽക്കാലിക ജീവനക്കാരുടെ സ്ഥിരനിയമനം വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കൂടാതെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദേശം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും മൂന്നാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എച്ച് ആർ ഡി വകുപ്പിൽ സ്ഥിരനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് താത്കാലിക ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാരും പി ഗോപിനാഥുംഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ഉത്തരവിറക്കിയത്.

സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിൻറെ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ തന്നെയാണ് കോടതി ഈ ഉത്തരവിലൂടെ തടഞ്ഞിരിക്കുന്നത്.  ഒരു തസ്തികയിൽ നീണ്ട നാൾ ജോലി ചെയ്തു എന്നപേരിൽ സ്ഥിരപ്പെടുത്താൻ അവകാശമില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഉള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനെതിരെയുള്ള നടപടികൾ കോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതിന് തുല്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു.

മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരനിയമനം സംബന്ധിച്ചു കൊണ്ടുള്ള കോടതിയുടെ നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്ന് ആഴ്ചയ്ക്കകം എല്ലാ വകുപ്പുകൾക്കും കൈ  മാറണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ നടപ്പിലാക്കിയ സ്ഥിരപ്പെടുത്തലുകളിൽ ഈ നിയമം ബാധകമാണോയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. കൂടാതെ പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകൾകോടതി നേരത്തെതന്നെ താൽക്കാലികമായി തടഞ്ഞിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *