തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകല്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സെക്രട്ടേറിയറ്റടക്കം സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കൂടും. ജിമ്മുകളും തുറക്കും. എന്നാല്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്.
സെക്രട്ടേറിയറ്റടക്കം തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഇന്ന് മുതല്‍ മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിക്കലില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി വിഭാഗത്തിലായതോടെയാണ് കൂടുതല്‍ ഇളവുകള്‍ക്ക് വഴിയൊരുങ്ങിയത്. ഇവിടത്തെ ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവയ്ക്ക് രാത്രി ഒമ്പതര വരെ ഭക്ഷണം ഹോം ഡെലിവറിയായും പാഴ്‌സലായും നല്‍കാനും അനുമതിയുണ്ട്. നേരത്തെ ഏഴര വരെയായിരുന്നു. ഇന്‍ഡോര്‍ മല്‍സരങ്ങളും ഷൂട്ടിങ്ങുകളും അനുവദിക്കും. ഒരേസമയം ഇരുപത് പേരില്‍ കൂടാതെ ജിമ്മുകളും തുറക്കാം. ആരാധനാലയങ്ങളില്‍ 15 പേരെ വരെ പ്രവേശിപ്പിക്കാം. എന്നാല്‍ അവശ്യവിഭാഗങ്ങളൊഴിച്ച് മറ്റ് കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായിരിക്കും.
എന്നാല്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളായ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല എന്നിവ സി വിഭാഗത്തിലാണ്. അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരെയേ അനുവദിക്കു. ഹോട്ടലും റെസ്റ്റോറന്റുമടക്കം എല്ലാ കടകളും രാത്രി ഏഴരയ്ക്ക് അടക്കണം. ജിം തുറക്കാനാവില്ല. തലസ്ഥാന നഗരത്തിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനായെങ്കിലും ഗ്രാമീണ മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ തീവ്രമായി തുടരുകയാണ്. ഉഴമലയ്ക്കല്‍, കടയ്ക്കാവൂര്‍, ചെറുന്നിയൂര്‍, വിളവൂര്‍ക്കല്‍, കിഴുവിലം, കഠിനംകുളം, ഒറ്റൂര്‍, ചെമ്മരുതി പഞ്ചായത്തുകളാണ് ഇവ. ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനനിയന്ത്രണം തുടരും.
