കൊല്ലം: കോവിഡ് വ്യാപനതോത് കുറയ്ക്കുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍. ആന്റിജന്‍, ആര്.ടി. പി.സി.ആര് പരിശോധനകളുടെ എണ്ണം കൂട്ടിയും വാക്സിനേഷന് മെഗാ ഡ്രൈവുകള്‍ സംഘടിപ്പിച്ചും പ്രതിരോധം ശക്തമാക്കിക്കഴിഞ്ഞു. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഹോമിയോ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ മരുന്നുകള്‍ വിവിധ ഘട്ടങ്ങളായി വിതരണം ചെയ്തു. വാര്‍ഡുതലത്തില്‍ അണു നശീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വാര് റൂമുകളും ഹെല്‍പ്പ് ഡെസ്കുകളും സജീവമാണ്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളക്കട ആയുര്‍വേദ ഡിസ്പെന്സറിയില് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആര്. രശ്മി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി സുധാകരന് മരുന്നുകള്‍ കൈമാറി. കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സജി കടൂക്കാല ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.അജി തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളിയിലെ ഫിഷറീസ് സ്കൂളില്‍ 100 കിടക്കകള്‍ ഉള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററും, ഗവണ്മെന്റ് ഹൈസ്കൂളില്‍ 100 കിടക്കകള്‍ ഉള്ള ഡി.സി.സി.യും പ്രവര്‍ത്തിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 100 കിടക്കകള്‍ ഉള്ള ഡി.സി.സിയും പ്രവര്‍ത്തനസജ്ജമാണ്. നഗരസഭയിലെ വിവിധ ഡിവിഷനുകളിലേക്ക് ആവശ്യമായ മരുന്നുകളുടെയും പള്‍സ് ഓക്സിമീറ്ററുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ വാക്സിനേഷന് കേന്ദ്രത്തിന് പുറമെ ടൗണ്‍ ക്ലബ്ബില്‍ മറ്റൊരു കേന്ദ്രം കൂടി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയടക്കം പ്രത്യേക പട്ടിക തയ്യാറാക്കി 100 ശതമാനം വാക്സിനേഷന് ഉറപ്പുവരുത്താനുള്ള കര്‍മ്മ പദ്ധതിക്കും തുടക്കമായി.
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടലുകള്‍ വഴി ദിവസവും 350 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി ആരംഭിച്ച ഡി.സി.സി. യില്‍ നിലവില്‍ 26 പേരുണ്ട്. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ നിലവില്‍ 31 രോഗികള്‍ ചികിത്സയിലുണ്ട്. വാര്‍ഡ്തലത്തില്‍ കോവിഡ് ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന ക്യാമ്പുകള്‍ നടക്കുന്നുണ്ട്.
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശങ്കരമംഗലം ഗവ.സ്കൂളില്‍ ഡി.സി.സി. പ്രവര്‍ത്തിക്കുന്നുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബ്ലോക്ക് തല സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കര്‍മ്മ സേനയെ രൂപീകരിച്ചിട്ടുണ്ട്. വിശപ്പുരഹിത ചവറ പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്കി വരുന്നു. നീണ്ടകര താലൂക്ക് ആശുപത്രി, പ്രാഥമിക-സാമൂഹിക-കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാര്‍ത്തോമ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡി.സി.സി.യില്‍ ഏഴോളം രോഗികള്‍ ചികിത്സയിലുണ്ട്. ഇട്ടിവ, വെളിനല്ലൂര്‍, കുമ്മിള്‍ ചിതറ, ചടയമംഗലം, നിലമേല്‍, ഇളമാട് ഗ്രാമപഞ്ചായത്തുകളിലും ഡി.സി.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓച്ചിറ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പ്രസിഡന്റ്, സെക്രട്ടറി, പി.എച്ച്.സി ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള വാര് റൂം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിന വാര്‍റൂം ബുള്ളറ്റിനും പഞ്ചായത്തുകളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. ക്ലസ്റ്റര്‍ ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സന്നദ്ധ സംഘവും രംഗത്തുണ്ട്. അറുപതോളം വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
കിഴക്കേകല്ലടയില്‍ കോവിഡ് ബാധിച്ചവരുടെ വീടുകളില്‍ സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് മണ്ട്രോത്തുരുത്തില് എല്ലാ വാര്‍ഡുകളിലും ഹോമിയോ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു. കിടപ്പുരോഗികള്‍ക്ക് വാക്സിനേഷന് നല്കിവരുന്നു. വാര്‍ഡ് തലത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. തൃക്കരുവ ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ആയുര്‍വേദ മരുന്നുകളുടെ മൂന്നാം ഘട്ട വിതരണം നടന്നു.
